09:03am 11 November 2026
NEWS
ആർസിസി ന്യൂട്രാഫിൽ അഡ്വാൻസ്ഡ് ഫുഡ് പ്രോസസ്സിംഗ് ലൈഫ് സയൻസസ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയുടെ തറക്കല്ലിട്ടു
14/09/2025  07:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആർസിസി ന്യൂട്രാഫിൽ അഡ്വാൻസ്ഡ് ഫുഡ് പ്രോസസ്സിംഗ്  ലൈഫ് സയൻസസ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയുടെ തറക്കല്ലിട്ടു
HIGHLIGHTS

നിർമ്മാണം തുടങ്ങുന്ന ഐ.കെ.ജി.എസിലെ 98-ാം പദ്ധതി; കോവിഡ് വാക്സിൻ വികസിപ്പിച്ച ഡോ. കൃഷ്ണ എല്ലയുടെ സംരംഭം; ഐ.കെ.ജി.എസിലെ നാലിൽ ഒന്ന് പദ്ധതികൾ നിർമ്മാണം തുടങ്ങിയതായി മന്ത്രി പി.രാജീവ്

 

വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പിട്ട ആർസിസി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ അത്യാധുനിക ഫുഡ് പ്രോസസ്സിംഗ് & ലൈഫ് സയൻസസ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഐ.കെ.ജി.എസിലൂടെ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്ന 98-ാമത്തെ നിക്ഷേപ പദ്ധതിയാണിത്. രാജ്യത്ത് കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്ത ഡോ. കൃഷ്ണ എല്ലയുടെ പുതിയ സംരംഭത്തിനാണ് കേരളത്തിൽ തുടക്കമായത്. അങ്കമാലിയിലെ കെഎസ്ഐഡിസി ബിസിനസ് പാർക്കിൽ വ്യവസായ മന്ത്രി പി.രാജീവ് ശിലാസ്ഥാപനം നിർവ്വഹിച്ചു. ഐ.കെ.ജി.എസിൽ താൽപര്യപത്രം ഒപ്പിട്ടതിൽ നാലിലൊന്ന് പദ്ധതികളുടെ നിർമ്മാണമാരംഭിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 35000 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് നിർമ്മാണ ഘട്ടത്തിലേക്ക് കടന്നത്. ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ റോജി. എം. ജോൺ എം.എൽ.എ അധ്യക്ഷനായി. വ്യവസായ മന്ത്രി പി.രാജീവിൻ്റെ ശ്രമവും കേരളത്തിൻ്റെ ഇപ്പോഴത്തെ നിക്ഷേപാനുകൂല സാഹചര്യവുമാണ് പുതിയ നിക്ഷേപ പദ്ധതിക്ക് പ്രേരണയായതെന്ന് കൃഷ്ണ എല്ല പറഞ്ഞു. 

വിപുലമായ കോൾഡ് സ്റ്റോറേജ്, വെയർഹൗസിംഗ്, ഗവേഷണം, വികസനം, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടുന്ന ഫുഡ് പ്രോസസ്സിംഗ് & ലൈഫ് സയൻസസ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയാണ് അങ്കമാലിയിൽ സ്ഥാപിക്കുക. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപമാണ് ആർ സി സി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ്. ലൈഫ് സയൻസ്, എഫ്.എം.സി.ജി വിഭാഗത്തിൽ പെടുന്ന ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനൊപ്പം കോൾഡ് സ്റ്റോറേജും സംഭരണ ശാലയും ആർ ആൻ്റ് ഡി സൗകര്യവുമെല്ലാം ഉൾക്കൊള്ളുന്നതാണ് യൂണിറ്റ്. ഫുഡ് പ്രൊസസിങ്ങ്, ലൈഫ് സയൻസ് മേഖലയിൽ വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന കേരളത്തിലേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കാൻ സഹായകമാകും ഈ സംരംഭം. 

റെഡി ടു യുസ് കൾച്ചർ മീഡിയ പ്ലേറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇന്ത്യയിലെ ആദ്യത്ത നിർമ്മാതാക്കളായ ആർസിസി ന്യൂട്രാഫിൽ, ബാംഗ്ലൂരിലെ മാലൂരിൽ ഇതിനകം ഒരു പയനിയറിംഗ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നും ജർമ്മനിയിൽ നിന്നും സ്വീകരിച്ച അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്, ഓട്ടോമേഷൻ, യുഎസ്ഡിഎ-അക്രഡിറ്റേഷൻ, കംപ്ലയൻസ് മോണിറ്ററിംഗ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര ഗുണ നിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് അങ്കമാലിയിലെ ഫെസിലിറ്റി പ്രവർത്തിക്കുക.  

ലൈഫ് സയൻസസ്, ഭക്ഷ്യ സംസ്കരണ മേഖലയിൽ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന പദ്ധതിയാണിത് എന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഉയർന്ന മൂല്യമുള്ള തൊഴിൽ അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും. ഇവിടെ വികസിപ്പിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾ ഫാർമസ്യൂട്ടിക്കൽസ്, വാക്സിൻ നിർമ്മാണം, ഭക്ഷ്യ സുരക്ഷ, കാർഷിക സംസ്കരണം, മെഡിക്കൽ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിൽ ഉപയോഗിക്കും. 

കേരള സർക്കാരിന്റെയും കെഎസ്ഐഡിസിയുടെയും പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്കും ആഗോളതലത്തിൽ പ്രസക്തമായ ഹൈടെക് വ്യവസായങ്ങളിൽ നിക്ഷേപം ആകർഷിക്കുക എന്ന കാഴ്ചപ്പാടിനും അനുസൃതമായ പദ്ധതിയാണിതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ജില്ലാ കളക്ടർ ജി.പ്രിയങ്ക, കെ.എസ്.ഐ.ഡി.സി.എം.ഡി വിഷ്ണു രാജ്, നഗരസഭാ ചെയർമാൻ അഡ്വ. ഷിയോപോൾ, ആർ.സി.സി ന്യൂട്രാഫിൽ ഡയറക്ടർ ഡി. സായ്പ്രസാദ്, ഡോ.ജലചാരി എല്ല,നഗരസഭാ കൗൺസിലർ അജിത എന്നിവർ സംസാരിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img